തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുമതിയായി. ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇന്ന് ബാറുകകളും ബിയര്‍ വൈന്‍ പാര്‍ലറുകളും പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കും. എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബാറുകള്‍ അടച്ചിരുന്നു. പിന്നീട് തുറന്നെങ്കിലും കൗണ്ടറുകളില്‍ മദ്യം വില്‍ക്കാന്‍ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. ഒമ്പതു മാസങ്ങള്‍ക്കു ശേഷമാണ് ബാറുകള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കുന്നത്. ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ക്ലബുകള്‍, കള്ളുഷാപ്പുകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം.

കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ബാറുകളില്‍ ഇരിക്കേണ്ടത്. കൗണ്ടറുകളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല, ഒരു ടേബിളില്‍ പരമാവധി രണ്ടു പേര്‍ ഇരിക്കുക തുടങ്ങിയുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിക്കാന്‍ നിര്‍ദേശമുണ്ട്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവില്ല. കൗണ്ടറുകളില്‍ ആള്‍ക്കൂട്ടം പാടില്ല, ഒരു ടേബിളില്‍ രണ്ടു പേര്‍ മാത്രമേ പാടുള്ളൂ തുടങ്ങിയവയാണ് പുതിയ നിബന്ധനകള്‍.