പറ്റ്‌ന: വാതിലില്‍ മുട്ടാതെ തന്റെ വീട്ടില്‍ പ്രവേശിച്ചെന്ന കാരണത്താല്‍ വയോധികനോട് ഗ്രാമമുഖ്യന്റെ കൊടും ക്രൂരത. 54 കാരനായ മഹേഷ് താക്കൂറെന്ന വൃദ്ധനെകൊണ്ട് തറയില്‍ തുപ്പിക്കുകയും ആ തുപ്പല്‍ നാവ് കൊണ്ട് നക്കിയെടുപ്പിക്കുകയുമായിരുന്നു ഗ്രാമത്തലവന്‍ ബഹുമാനക്കുറവിന് നല്‍കിയ ആദ്യ ശിക്ഷ.

ഇതിന് പുറമെ സ്ത്രീകളെ കൊണ്ട് ഇദ്ദേഹത്തെ ചെരിപ്പൂരി അടിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ മാത്രം വീട്ടിലുള്ള സമയത്താണ് താക്കൂര്‍ വീട്ടില്‍ കയറിയതെന്നാണ് ഗ്രാമമുഖ്യന്റെ ആരോപണം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയായ ബിഹാര്‍ ഷരീഫിലാണ് ഈ പ്രാകൃത ശിക്ഷ അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.

സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട ഒരു കാര്യം അറിയുന്നതിന് വേണ്ടിയായിരുന്നു മഹേഷ് താക്കൂര്‍ ഗ്രാമത്തലവന്റെ വീട്ടിലെത്തിയത്. ബാര്‍ബര്‍ സമുദായത്തില്‍പ്പെട്ട ഇദ്ദേഹം വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ വാതിലില്‍ മുട്ടാതെ അകത്ത് കയറിയതാണ് ഗ്രാമമുഖ്യനെ ചൊടിപ്പിച്ചത്.
തുടര്‍ന്ന് നാട്ടുകൂട്ടം വിളിച്ചു ചേര്‍ത്ത് ഗ്രാമ മുഖ്യന്‍ കടുത്തശിക്ഷ വിധിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ അജയ്പൂര്‍ ഗ്രാമമുഖ്യന്‍ സുരേന്ദ്ര യാദവ് അടക്കം എട്ടു പേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. ഇത്തരം ശിക്ഷാനടപടികള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രി നന്ദകിഷോര്‍ പറഞ്ഞു.