കൊച്ചി: ബാര്‍ക്കില്‍ ചാനല്‍ റേറ്റിങ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്കെതിരെ കേസ്. ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു. 24 ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഒന്നാം പ്രതി ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയില്‍ തിരിമറി നടത്തിയതായാണ് കണ്ടെത്തല്‍. രണ്ടാം പ്രതിയായ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്ക് ബാര്‍ക് മീറ്റര്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറുകയും ചെയ്തു. അതേസമയം 2025 ജൂലൈ മുതല്‍ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുടെ റേറ്റിംഗ് ഉയര്‍ത്തി കാണിച്ചും പരസ്യ കമ്പനികളില്‍ നിന്നുള്ള പരസ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഇടയാക്കിയെന്നുമാണ് മൊഴി. ഇത് മൂലം 15 കോടിയുടെ നഷ്ടം പരാതിക്കാരന്റെ ചാനലിന് ഉണ്ടായതായാണ് പരാതി.
കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റും 24 ന്യൂസ് ചാനല്‍ എംഡിയുമായ ശ്രീകണ്ഠന്‍ നായര്‍ ബാര്‍ക് റേറ്റിംഗില്‍ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്‌റ്റോ കറന്‍സി വഴി വലിയ തോതില്‍ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് 24 ചാനലിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ പരാതിയില്‍ റേറ്റിങ്ങില്‍ കൃത്രിമത്വം നടത്താന്‍ ബാര്‍ക് ഉദ്യോഗസ്ഥന്‍ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേബിള്‍ ചാനല്‍ ഉടമകളെ സ്വാധീനിച്ചും വന്‍ തുക നല്‍കിയും ലാന്‍ഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.