റോമ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ ബാഴ്‌സലോണ പുറത്തായി. തോല്‍വിയറിയാതെ മുന്നേറിയ ബാഴ്‌സയെ തറപറ്റിച്ച് ഇറ്റാലിയന്‍ ടീം എ എസ് റോമ ചരിത്രം തിരുത്തിക്കുറിച്ചു. എതിരില്ലാത്ത മൂന്നു ഗോളിന് ബാഴ്‌സയെ വീഴ്ത്തിയ റോമ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ സെമിഫൈനലിലേക്ക് കടന്നു.

ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മുന്നിട്ട ബാഴ്‌സയാണ് രണ്ടാം പാദത്തില്‍ പരാജയം ഏറ്റുവാങ്ങിയത്. ആറാം മിനിറ്റില്‍ എഡ്വിന്‍ സെക്കോയാണ് റോമയുടെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡാനിയല്‍ ഡി റോസിയും 82-ാം മിനിറ്റില്‍ കൊസ്തസ് മനോലാസും റോമക്കു വേണ്ടി വലക്കുലുക്കി.