ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സീസണിലെ ആറാം ജയം. ഇതോടെ 19 പോയിന്റിലെത്തിയ യുനൈറ്റഡ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.
മര്‍വാന്‍ ഫെല്ലയ്‌നിയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ 3-0 ന് വീഴ്ത്തിയ ഹാരി കെയ്‌ന്റെ ഡബിളില്‍ ടോട്ടനം ഹോട്‌സ്പര്‍ ഹഡേഴ്‌സ്ഫീല്‍ഡ് ടൗണിനെ ഏകപക്ഷീയമായ നാലു ഗോളിന് തകര്‍ത്തു. സ്റ്റോക് സിറ്റി, വെസ്റ്റ്ഹാം യുനൈറ്റഡ് ടീമുകള്‍ ജയം കണ്ടപ്പോള്‍ എ.എഫ്.സി ബേണ്‍മത്ത് – ലെസ്റ്റര്‍ സിറ്റി മത്സരം ഗോള്‍രഹിതമായും വെസ്റ്റബ്രംവിച്ച് – വാറ്റ്‌ഫോഡ് മത്സരം 2-2ലും അവസാനിച്ചു.
പാലസിനെതിരെ മൂന്നാം മിനുട്ടില്‍ യുവാന്‍ മാട്ടയാണ് മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചത്. 35, 49 മിനുട്ടുകളില്‍ ഫെല്ലയ്‌നി ലീഡുയര്‍ത്തി. 86-ാം മിനുട്ടില്‍ റൊമേലു ലുകാകു നാലാം ഗോളും നേടി. ഹഡേഴ്‌സ്ഫീല്‍ഡിന്റെ ഗ്രൗണ്ടില്‍ ഒമ്പതാം മിനുട്ടിലാണ് ഹാരി കെയ്ന്‍ ടോട്ടനത്തിന്റെ ആദ്യ ഗോള്‍ നേടിയത്. 16-ാം മിനുട്ടില്‍ ബെഞ്ചമിന്‍ ഡേവിസ് ലീഡുയര്‍ത്തി. 23-ാം മിനുട്ടില്‍ കെയ്ന്‍ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 91-ാം മിനുട്ടില്‍ മൂസ സിസ്സോകോ പട്ടിക പൂര്‍ത്തിയാക്കി.