മെല്‍ബണ്‍: മഴ മൂലം ഉപേക്ഷിക്കേണ്ടിവന്ന ആദ്യ ടി20 മത്സരത്തിനു ശേഷം മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ചയിലായി. സ്‌കോര്‍ ബോര്‍ഡില്‍ വെറും 20 റണ്‍സില്‍ നില്‍ക്കെ മൂന്നാം ഓവറില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഹെയ്‌സല്‍വുഡിന്റെ ബോളില്‍ ഓസീസ് ക്യാപ്റ്റന് കൈയ്യില്‍ ക്യാച്ച് നല്‍കി പുറത്തായി. പത്ത് ബോളില്‍ നിന്ന് അഞ്ച് റണ്‍സായിരുന്നു സമ്പാദ്യം. വണ്‍ഡൗണ്‍ ആയി സ്ഥാനക്കയറ്റം കിട്ടിയ മലയാളി താരമായ സഞ്ജു സാംസണ്‍ ക്രീസിലെത്തിയതും പോയതും അതിവേഗം. നാല് ബോളില്‍ രണ്ട് റണ്‍സെടുത്ത് വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായി. എല്ലിസിനാണ് വിക്കറ്റ്. തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ്യും നിരാശപ്പെടുത്തി. സ്‌കോര്‍ 32 ല്‍ എത്തുമ്പോള്‍ ഹെയ്‌സല്‍വുഡിന്റെ ബോളില്‍ വിക്കറ്റിന് പിന്നില്‍ ഇംഗ്ലിസിന് ക്യാച്ച് നല്‍കി മടങ്ങി. നാല് ബോളില്‍ വെറും ഒരു റണ്‍സായിരുന്നു അദ്ദേഹം എടുത്തത്. നാലാമനായെത്തിയ ടി20 സ്‌പെഷ്യലിസ്റ്റ് തിലക് വര്‍മ്മ അക്കൗണ്ട് തുറക്കാനും മുന്‍പ് കീപ്പര്‍ ക്യാച്ചിലൂടെ ഹെയ്‌സല്‍വുഡിനുമുന്നില്‍ വീണു. അഞ്ചാമനായെത്തിയ അക്‌സര്‍ പട്ടേലും അഭിഷേകും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും റണ്‍സ് കിട്ടാതിരുന്നതിനാല്‍ റണ്ണൗട്ട് ആയി അദ്ദേഹം പുറത്തായി. പന്ത്രണ്ട് ബോളില്‍ ഏഴ് റണ്‍സായിരുന്നു അദ്ദേഹം നേടിയത്. എട്ടാം ഓവറില്‍ ഇന്ത്യയുടെ നില അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സായി. 33 റണ്‍സുമായി അഭിഷേക് ശര്‍മയും ഹര്‍ഷിത് റാണയും ക്രീസിലുണ്ട്.