ഒടുവില്‍ ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദത്തിനും പിന്നാലെ ബംഗ്ലാദേശ് താരത്തെ ഒഴിവാക്കാന്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നിര്‍ദേശം നല്‍കി ബിസിസിഐ. ലേലത്തിലൂടെ 9.2 കോടിക്ക് സ്വന്തമാക്കിയ മുസ്തഫിസുര്‍ റഹ്‌മാനെയാണ് കെകെആറിന് കൈവിടേണ്ടിവരുന്നത്. ഇനി ലേലപട്ടികയില്‍ നിന്ന് മറ്റൊരു താരത്തെ ടീമിന് പകരക്കാരനായി കണ്ടെത്തേണ്ടി വരും.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനും ഉടമ ഷാറൂഖ് ഖാനുമെതിരെ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തിയത്. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം ഷാറൂഖ് കണ്ടില്ലെന്ന് നടിക്കുന്നെന്നും മനപ്പൂര്‍വം ബംഗ്ലാദേശ് താരത്തെ ടീമില്‍ എടുത്തെന്നും ആരോപിച്ചു. ബിജെപി നേതാവും മുന്‍ എംപിയുമായ സംഗീത് സോം ഷാറൂഖിനെ ചതിയനെന്നും അധിക്ഷേപിച്ചിരുന്നു.
എന്നാല്‍, ഷാറൂഖിന്റെയും കെകെആറിന്റെയും ഭാഗത്ത് തെറ്റില്ലെന്നും ബിജെപി തന്നെ നിയന്ത്രിക്കുന്ന ബിസിസിഐ തന്നെ അല്ലേ ബംഗ്ലാദേശ് താരത്തെ ലേലത്തില്‍ ഉള്‍പ്പെടുത്തിയതെന്നും കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തിരിച്ചടിച്ചിരുന്നു.