health

വേണം ജാഗ്രത; പശ്ചിമ ബംഗാളില്‍ നിപ ബാധിച്ച ഒരാളുടെ നില അതീവ ഗുരുതരം, 120 പേര്‍ ഐസൊലേഷനില്‍

By webdesk18

January 15, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കൂടി നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍. നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന നഴ്‌സിനെ പരിചരിച്ചവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. രോഗബാധിതരായ നഴ്‌സുമാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി 120-ഓളം പേരെ കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിപ ബാധിച്ച രണ്ടു നഴ്‌സുമാരെയും ബെലിയാഗട്ട ഇന്‍ഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററില്‍ കഴിയുന്ന നഴ്‌സുമാരിലൊരാള്‍ കോമയിലാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതിനിടെ സംസ്ഥാനം നിപ രോഗത്തെ പ്രതിരോധിക്കാന്‍ സജ്ജമാണെന്നും പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണെന്നും പശ്ചിമബംഗാള്‍ ആരോഗ്യവിഭാഗം സെക്രട്ടറി സ്വരൂപ് നിഗം മാധ്യമങ്ങളോടു പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള രണ്ട് നഴ്‌സുമാര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇരുവര്‍ക്കും എവിടെനിന്നാണ് വൈറസ് ബാധിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇരുവരും ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇവിടെനിന്നായിരിക്കാം രോഗം പിടിപ്പെട്ടതെന്നും കരുതുന്നു.