kerala

നിയമസഭ ആയാലും ചാനല്‍ ചര്‍ച്ചയായാലും ചായക്കട ചര്‍ച്ചയയായാലും ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം നല്‍കാന്‍ കഴിയണം; രാഹുല്‍ മാങ്കൂട്ടത്തില്‍

By webdesk18

March 13, 2025

തിരുവനന്തപുരം: നിയമസഭ ആയാലും ചാനല്‍ ചര്‍ച്ചയായാലും ചായക്കട ചര്‍ച്ചയയായാലും ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം തരാന്‍ പറ്റണമെന്ന് വ്യവസായ മന്ത്രി പി രാജീവിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ചോദ്യം ചോദിക്കുമ്പോള്‍ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനല്‍ ചര്‍ച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ എന്നും രാഹുല്‍ ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു.

ഇന്നലെ നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പി. രാജീവുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് രാഹുലിന്റെ ചോദ്യം. ബിസിനസ് സെന്‍ട്രികായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം എത്രാമതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. കേരളം ഒന്നാമതെന്ന അവകാശവാദം തെറ്റാണെന്നും കേരളത്തിന് മുകളില്‍ പോയിന്റ് ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടെന്നും രാഹുലും മാത്യു കുഴല്‍നാടനും പി.സി വിഷ്ണുനാഥും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരമല്ല മന്ത്രി നല്‍കിയത്.

എന്നാല്‍, വ്യവസായ വളര്‍ച്ചയുടെ പൊള്ളയായ കണക്കുകള്‍ നിരത്തി മന്ത്രി പ്രതിരോധിക്കാന്‍ ശ്രമിക്കുകയും രാഹുലിനെ പരിഹസിക്കാനും ശ്രമിച്ചു. ഇത് ചാനല്‍ ചര്‍ച്ചയല്ലെന്നും കുട്ടികളെക്കാള്‍ ധാരണയില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ വിളിച്ചുപറയുന്നതെന്നും പി രാജീവ് പറഞ്ഞു. സഭയില്‍ തുടക്കക്കാരനെന്ന നിലയിലും ചെറുപ്പക്കാരന് അവസരം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ് രാഹുലിന്റെ ചോദ്യത്തിന് വഴങ്ങിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, നിയമസഭയില്‍ ജൂനിയര്‍, സീനിയര്‍ എന്നൊന്നില്ലെന്നും 140അംഗങ്ങള്‍ക്കും തുല്യപരിഗണനയാണെന്നും പി.സി. വിഷ്ണുനാഥ് ഓര്‍മിപ്പിച്ചു.

ഇതേക്കുറിച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്. ‘വ്യവസായ മന്ത്രി പി. രാജീവിനോട് ഞങ്ങള്‍ 4 പേര്, പി.സി. വിഷ്ണുനാഥ്, റോജി എം ജോണ്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. പരിഹാസം, പുച്ഛം, കുയുക്തി, യാതൊരു യുക്തിയുമില്ലാത്ത താരതമ്യങ്ങള്‍ എന്നിവയല്ലാതെ ഒറ്റ ചോദ്യത്തിനും കൃത്യം മറുപടി ഉണ്ടായില്ല. ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനല്‍ ചര്‍ച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ? ചോദ്യത്തിന് ഉത്തരം നിയമസഭാ ആയാലും ചാനല്‍ ചര്‍ച്ചയായാലും ചായക്കട ചര്‍ച്ചയയായാലും തരാന്‍ പറ്റണം’ -രാഹുല്‍ കുറിപ്പില്‍ പറഞ്ഞു.