kerala

തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്, മരത്തില്‍ കയറാന്‍ അവന് അറിയില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി കുടുംബം

By webdesk11

February 14, 2023

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ആത്മഹത്യ എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി കുടുംബം.ദേഹത്തുണ്ടായ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണെന്നും തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണെന്നും അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം വീണ്ടും ചെയ്യണമെന്നും കുടുംബം പറയുന്നു.

മരത്തില്‍ കയറാന്‍ അറിയാത്ത വിശ്വനാഥന്‍ അത് എങ്ങനെയാണ് മരത്തിന്‍ മുകളില്‍ കെട്ടിത്തൂങ്ങിയതെന്ന് കുടുംബം ചോദിക്കുന്നു. കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിക്കുന്നു.

പോസ്റ്റുമോര്‍ട്ടം നടത്തുന്നത് തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. കല്യാണം കഴിഞ്ഞ് എട്ടുവര്‍ഷത്തിനുശേഷം ഉണ്ടായ കുഞ്ഞിനെ കാണാനാവുന്നതിനു മുമ്പ് അവനെ അവര്‍ കൊന്നുകളഞ്ഞുവെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 11നാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ വിശ്വനാഥനെ കണ്ടെത്തുന്നത്. ഭാര്യയുടെ പ്രസവത്തിനായി വയനാട്ടില്‍ നിന്ന് എത്തിയതായിരുന്നു അദ്ദേഹം.