crime

ആകാശത്ത് അടിപിടി; വിമാനം അടിയന്തരമായി ഇറക്കി- 4യാത്രക്കാര്‍ അറസ്റ്റില്‍

By webdesk13

April 26, 2023

റോഡിലൂടെ ഓടുന്ന വാഹനങ്ങളിലും ട്രെയിനിലും യാത്രക്കാര്‍ അടിപിടികൂടുന്നതും യാത്ര മുടങ്ങുന്നതും പുതുമയുള്ളതല്ല. എന്നാല്‍ നിസാര കാര്യത്തിന് യാത്രക്കാര്‍ ആകാശത്ത് വെച്ച് അടിപിടികൂടിയതോടെ വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍. മാത്രമല്ല 2സ്ത്രീകളടക്കം നാലു യാത്രക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ക്യൂന്‍സ് ലാന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് യാത്രക്കാരുടെ വഴക്കിനെത്തുടര്‍ന്ന് അടിയന്തരമായി ഇറക്കിയത്. ഈ മാസം 20ന് ക്യൂന്‍സ് ലാന്‍ഡിലെ കെയ്ന്‍സില്‍ നിന്ന് ഗ്രൂട്ട് എയര്‍ലാന്‍ഡിലേക്കു പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. രണ്ടു തവണയാണ് സംഘം അടിപിടി കൂടിയത്.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു. ഒരു കൂട്ടം യാത്രക്കാര്‍ ഇടനാഴിക്ക് സമീപം നില്‍ക്കുന്നതും അവരില്‍ ഒരാള്‍ മറ്റൊരു യാത്രക്കാരനെ ഒരു കുപ്പികൊണ്ട് അടിക്കാന്‍ തയാറായി നില്‍ക്കുന്നതും കാണാം. യാത്രക്കാര്‍ ഭയകചിതരായോടെ പൈലറ്റ് വിമാനം ക്യൂന്‍സ് ലാന്‍ഡില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കി.

തുടര്‍ന്ന് ഒരു യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഒഴിവാക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം അവിടെവെച്ച് തീര്‍ന്നില്ല. വിമാനം വീണ്ടും പറന്നുയര്‍ന്നപ്പോള്‍ ഇതേ സംഘം വീണ്ടും തര്‍ക്കത്തിലേര്‍പ്പെടുകയും വാക്കേറ്റത്തില്‍ വിമാനത്തിന്റെ ജനല്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഗ്രൂട്ട് എയ്‌ലാന്‍ഡിലെ അലിയാന്‍ഗുലയില്‍ വിമാനം ഇറങ്ങിയപ്പോള്‍, മൂന്ന് യാത്രക്കാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.