india

തന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

By webdesk17

December 03, 2025

ചണ്ഡീഗഢ്: സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ വാട്ടര്‍ ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ പാനിപ്പത്തില്‍ സ്ത്രീ അറസ്റ്റില്‍. നൗള്‍ത്ത ഗ്രാമത്തിലെ പൂനമാണ് അറസ്റ്റിലായത്. ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സ്വാഭാവിക മരണമാണെന്ന് കരുതിയ മരണങ്ങള്‍ കൊലപാതകമെന്ന് ഇതോടെ കണ്ടെത്തുകയായിരുന്നു. തന്നെക്കാള്‍ സുന്ദരിയാണെന്ന് വിശ്യാസത്തിലാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച സോണിപത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ യുവതിയും കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. അന്നേ ദിവസം യുവതി ആറ് വയസ്സുകാരിയായ വിധി എന്ന കുട്ടിയെ വാട്ടര്‍ ടബ്ബില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, പൂനം 2023 ല്‍ തന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയിരുന്നു. മൂന്നുപേരെയും ഒരേ രീതിയില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു.

പാനിപ്പത്തിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. വിവാഹ ഘോഷയാത്ര നൗള്‍ത്തയില്‍ എത്തിയപ്പോഴാണ് സംഭവം. വിധിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ തിരച്ചില്‍ നടത്തുകയും ഒരു മണിക്കൂറിന് ശേഷം വിധിയുടെ തല വാട്ടര്‍ ടബ്ബില്‍ മുങ്ങികാലുകള്‍ നിലത്ത് വീണുകിടക്കുന്നതുമായി കണ്ടെത്തുകയായിരുന്നു.

തന്നെക്കാള്‍ സുന്ദരിയായി ആരും ഉണ്ടാവരുത് എന്ന അസൂയയും നീരസവും മൂലം ഇവര്‍ കുട്ടികളെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2023-ല്‍ പൂനം തന്റെ സഹോദരഭാര്യയുടെ മകളെ കൊലപ്പെടുത്തിയിരുന്നു. അതേ വര്‍ഷം തന്നെ സംശയം തോന്നാതിരിക്കാന്‍ വേണ്ടി മകനെ മുക്കിക്കൊല്ലുകയും ചെയ്തു. ഈ വര്‍ഷം ആഗസ്തില്‍, കുട്ടി തന്നേക്കാള്‍ ‘സുന്ദരിയായി’ കാണപ്പെട്ടതിന്റെ പേരില്‍ പൂനം മറ്റൊരു പെണ്‍കുട്ടിയെ സിവാ ഗ്രാമത്തില്‍ കൊലപ്പെടുത്തി.