kerala

പൊഴിയൂരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ബിയര്‍കുപ്പി ആക്രമണം: മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരുക്ക്

By webdesk18

October 14, 2025

തിരുവനന്തപുരം: പൊഴിയൂരില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ വിനോദസഞ്ചാരികള്‍ക്ക് നേരെ യുവാവ് ബിയര്‍കുപ്പി എറിഞ്ഞ സംഭവത്തില്‍ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു.

വെട്ടുകാട് സ്വദേശി സനോജിനെയാണ് ബോട്ട് ജീവനക്കാര്‍ പിടികൂടി പൊലീസിന് കൈമാറിയത്.

വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റെ മകള്‍ അനുബാദാസിനാണ് പരുക്കേറ്റത്. ആറു ദിവസം മുന്‍പാണ് ഏഴംഗ കുടുംബം വിനോദയാത്രയ്ക്കായി എത്തിയത്.

ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടെ കരയില്‍നിന്ന് സനോജ് ബിയര്‍കുപ്പി എറിയുകയായിരുന്നു. അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയുടെ തലയില്‍ കുപ്പി വീണ് പൊട്ടി.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.