കൊല്‍ക്കത്ത: കുട്ടികളെ കടത്തിയ കേസില്‍ ബി.ജെ.പി എം.പിയും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ടുമായ രൂപ ഗാംഗുലിക്ക് പശ്ചിമ ബംഗാള്‍ ക്രിമിനല്‍ അന്വേഷണ വകുപ്പ് (സി.ഐ.ഡി) നോട്ടീസയച്ചു. കേസിലെ പ്രധാന പ്രതിയായ ചന്ദന ചക്രബൊര്‍ത്തിയാണ് ദത്തെടുക്കലിന്റെ മറവില്‍ കുട്ടികളെ വില്‍ക്കുന്ന സംഭവത്തില്‍ രൂപ ഗാംഗുലിക്കും ബി.ജെ.പി സംസ്ഥാന ഇന്‍ചാര്‍ജ് കൈലാഷ് വിജയവര്‍ഗീയക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്.

ബിമല ശിശു ഗൃഹോ എന്ന എന്‍.ജി.ഒയുടെ അധ്യക്ഷയായ ചന്ദന ചക്രബൊര്‍ത്തി, ദത്തെടുക്കലിന്റെ മറവില്‍ കുട്ടികളെ പണത്തിന് വില്‍ക്കുന്ന സംഭവം വെളിച്ചത്തായതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് എന്‍.ജി.ഒക്ക് ലൈസന്‍സും ഫണ്ടും എത്തിച്ചതിന് ബംഗാള്‍ ബി.ജെ.പി വനിതാ വിഭാഗം നേടാവ് ജൂഹി ചൗധരിയും അറസ്റ്റിലായിരുന്നു. രൂപ ഗാംഗുലിയുടെയും കൈലാഷ് വിജയവര്‍ഗീയയുടെയും സഹായത്തോടെയാണ് ജൂഹി ചൗധരി പ്രവര്‍ത്തിച്ചത് എന്ന് ചന്ദന ചക്രബൊര്‍ത്തി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കുട്ടിക്കടത്ത് റാക്കറ്റിനെപ്പറ്റി രൂപക്കും കൈലാഷിനും അറിവുണ്ടെന്നും സി.ഐ.ഡി വ്യക്തമാക്കി.

ജൂഹി ചൗധരിയും രൂപ ഗാംഗുലിയും കൊല്‍ക്കത്തയില്‍ വെച്ച് പരസ്പരം കണ്ടതിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് സി.ഐ.ഡി പറയുന്നു. എന്‍.ജി.ഒയുടെ ആവശ്യത്തിനായി ഇരുവരും ഡല്‍ഹിയിലെ വനിതാ ശിശുക്ഷേമ മന്ത്രാലയം രണ്ടു തവണ സന്ദര്‍ശിച്ചിരുന്നു. റെയ്ഡിനിടെ ഇരുവരും നോര്‍ത്ത് ബ്ലോക്ക് സന്ദര്‍ശിച്ചതിന്റെ റസീറ്റുകള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.