ബെംഗളൂരു: എ.ടി.എം റിഫില്ലിംഗിനായി കൊണ്ടുപോയ 7.11 കോടി രൂപ കവര്‍ന്ന സംഘത്തിലെ മൂന്ന് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു. തുടര്‍ച്ചയായ 60 മണിക്കൂര്‍ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
കവര്‍ച്ച നടത്തിയ സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഇന്നോവ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്വേഷണത്തിലുണ്ടായിരുന്ന സംശയം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് കവര്‍ച്ച നടന്നത്. അശോക സ്തംഭംജയനഗര്‍ ഡയറി പ്രദേശത്ത് എ.ടി.എം റിഫില്‍ ചെയ്യാനെത്തിയ ജീവനക്കാരെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അവര്‍ ഇന്നോവ കാറില്‍ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സിദ്ധാപുര പൊലിസ് സ്റ്റേഷനില്‍ ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശേഷമുള്ള അന്വേഷണം വേഗത്തിലാക്കി പൊലീസ് പ്രതികളെ കണ്ടെത്തുകയും വലിയൊരു ഭാഗം പണവും വീണ്ടെടുക്കുകയും ചെയ്തു.