ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി ഫൈനലില്‍. ഒരു ഗോളിന് പിന്നിട്ട ശേഷം ശക്തമായ തിരിച്ചു വരവിലൂടെയാണ് ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചത്. നിഖിലിനെ ഫൗള്‍ ചെയ്തതിന് നിശുകുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് അവസാന 40 മിനിറ്റില്‍ 10 പേരുമായി കളിച്ചാണ് ബെംഗളൂരു കരുത്തരായ മോഹന്‍ ബഗാനെ മറികടന്നത്.

42-ാം മിനിറ്റില്‍ ദിബാന്ത ഡിക നേടിയ ഗോളിലൂടെ ബഗാനാണ് മുന്നിലെത്തിയത്. എന്നാല്‍ മിന്നുന്ന പ്രകടനത്തിലൂടെ മത്സരത്തിലേക്ക് തിരിച്ചു വന്ന ബെംഗളൂരുവിന്റെ രക്ഷകനായി മികു അവതരിച്ചു. 62-ാം മിനിറ്റില്‍ മികു ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മികു വീണ്ടും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-1 ആയി. 88-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മികു ഹാട്രിക് നേട്ടം സ്വന്തമാക്കി. 91-ാം മിനിറ്റില്‍ സുനില്‍ ഛേത്രി കൂടി ലക്ഷ്യം കണ്ടതോടെ ബെംഗളൂരു സ്‌കോര്‍ ബോര്‍ഡ് പൂര്‍ത്തിയാക്കി.

ഈസ്റ്റ് ബംഗാളാണ് ഫൈനലില്‍ ബെംഗളൂരുവിന്റെ എതിരാളികള്‍. ഏപ്രില്‍ 20നാണ് ഫൈനല്‍. എഫ്.സി ഗോവയെ തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പിന്റെ ഫൈനലിലെത്തിയത്.