News

ഹമാസുമായി സമാധാന കരാറിലെത്തിയെന്ന് ബെഞ്ചമിന്‍ നെത്യന്യാഹു

By webdesk18

January 17, 2025

ഹമാസുമായി വെടിനിര്‍ത്തലും ബന്ദിമോചനവും ഉറപ്പു നല്‍കുന്ന സമാധാന കരാറിലെത്തിയെന്ന് അറിയിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യനാഹു. കഴിഞ്ഞ ദിവസം കരാറില്‍ അന്തിമ തീരുമാനം എടുക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നതിന് പിന്നാലെയാണ് ഹമാസുമായി കരാറിലെത്തിയെന്ന് ഇസ്രാഈല്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേര്‍ത്ത് കരാറിന് അംഗീകാരം നല്‍കുമെന്നും നെതന്യാഹു അറിയിച്ചു.

ഇരുകൂട്ടരും കരാറിലെത്തിയതോടെ ഗസ്സയിലെ യുദ്ധം അവസാനിക്കുന്നതിനും ബന്ദിമോചനത്തിനും അത് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 19 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസും പകരമായി ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ ഇസ്രാഈലും മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ ഫലസ്തീനികള്‍ക്ക് വടക്കന്‍ ഗസ്സയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിലുണ്ട്.

മാസങ്ങള്‍ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അവസാനത്തെ രണ്ടാഴ്ചയില്‍ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയില്‍ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചത്.