മാഡ്രിഡ്: ബാര്‍സിലോണ സ്പാനിഷ് ലാലീഗ കിരീടത്തിന് തൊട്ടരികില്‍. ഇന്ന് കിംഗ്‌സ് കപ്പ് ഫൈനല്‍ കളിക്കുന്ന മെസിയും സംഘത്തിനും ലാലീഗയില്‍ അടുത്ത മല്‍സരം ജയിച്ചാല്‍ കപ്പ് ഉറപ്പിക്കാം. ഇന്നലെ നടന്ന ലീഗ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡ് മൂന്ന് ഗോളിന് റയല്‍ സോസിദാദിനോട് തകര്‍ന്നതാണ് ബാര്‍സക്ക് കാര്യങ്ങള്‍ വളരെ എളുപ്പമാക്കിയത്. ലീഗില്‍ റയല്‍ മാഡ്രിഡിന് പോലും വെല്ലുവിളി ഉയര്‍ത്തി മുന്നേറിയ അത്‌ലറ്റികോയുടെ അപ്രതീക്ഷിത തോല്‍വിയാണിത്. ജോന്‍മിയുടെ ഇരട്ട ഗോളുകളും വില്ലിയാന്‍ ജോസിന്റെ ഗോളുമാണ് വലിയ വിജയത്തിന് സോസിദാദിനെ സഹായിച്ചത്. ലീഗില്‍ ഡിയാഗോ സിമയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റികോ സംഘത്തിന്റെ സീസണിലെ വലിയ തോല്‍വിയാണിത്.

33 മല്‍സരങ്ങളാണ് ലീഗില്‍ എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബാര്‍സിലോണ 83 ല്‍ ഒന്നാം സ്ഥാനത്തും അത്‌ലറ്റികോ 71 ല്‍ രണ്ടാം സ്ഥാനത്തും റയല്‍ 68 ല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. കഴിഞ്ഞ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയുമായി 2-2 സമനിലയില്‍ പിരിഞ്ഞ ബാര്‍സിലോണയുടെ അടുത്ത ലീഗ് മല്‍സരം 29ന് ഡിപ്പോര്‍ട്ടീവോയുമായാണ്. ഈ മല്‍സരം ജയിച്ചാല്‍ ബാര്‍സക്ക് കപ്പടിക്കാം.