വാരാണസി: വാട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴി പ്രകോപനപരമോ അപകീര്‍ത്തിപരമോ ആയ സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോകളോ പ്രചരിച്ചാല്‍ ഗ്രൂപ്പ് അഡ്മിന്‍ അകത്താകും. വാരാണസി ജില്ലാ കലക്ടര്‍ യോഗേശ്വര്‍ റാം മിശ്രയും സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരിയും പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

വാട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴി വ്യാപകമായി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വീഡിയോകള്‍, പ്രകോപനപരമോ അപകീര്‍ത്തിപരമോ ആയ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. വാട്‌സ് ആപ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ ഗ്രൂപ്പ് അഡ്മിന് ഉത്തരവാദിത്തമുണ്ടെന്നും തെറ്റായ പ്രവണതകള്‍ക്ക് ഗ്രൂപ്പ് ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അഡ്മിന്റെ ഉത്തരവാദിത്തമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.