Film

ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപ്പെട്ട് ഭ ഭ ബ

By sreenitha

December 27, 2025

കൊച്ചി: ദിലീപ് നായകനായി ഈയിടെ റിലീസായ ഭ ഭ ബ ചിത്രം ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതായി റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ക്രിസ്മസ് അവധി പോലും പൂര്‍ണമായി മുതലെടുക്കാനാകാതെ ആദ്യ വാരാന്ത്യത്തില്‍ തന്നെ പ്രേക്ഷകര്‍ ചിത്രം കൈവിട്ടുവെന്നാണ് സൂചന.

നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ആദ്യ മൂന്ന് ദിവസങ്ങളില്‍ 33 കോടി രൂപ കളക്ഷന്‍ നേടിയെങ്കിലും പിന്നീട് വരുമാനം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പുറത്തുവിട്ട സക്സസ് ടീസറിലൂടെയാണ് ’50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു’ എന്ന പ്രഖ്യാപനം നടത്തിയത്. പുതിയ ക്രിസ്മസ് റിലീസുകള്‍ കൂടി എത്തിയതോടെ ദിലീപ് ചിത്രത്തിന് തിയേറ്ററുകളില്‍ മത്സരം കടുത്തിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ ചിത്രത്തിന്റെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം നടന്നു. ചടങ്ങില്‍ സംസാരിച്ച ദിലീപ്, ചിത്രത്തിനെതിരെ മനപൂര്‍വം ഡീഗ്രേഡിങ് നടക്കുന്നുവെന്ന് ആരോപിച്ചു. ഒരു സിനിമയ്ക്ക് മോശം റിവ്യൂ നല്‍കുമ്പോള്‍ തിയേറ്ററുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ ഉപജീവനത്തെയാണ് അത് ബാധിക്കുന്നതെന്നും ദിലീപ് പറഞ്ഞു.