തൃശ്ശൂര്‍: കൂട്ടമാനഭംഗക്കേസില്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി നഗരസഭാ സി.പി.എം കൗണ്‍സിലര്‍ ജയന്തന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജയന്തന് മറുപടിയുമായി ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയിരിക്കുന്നത്.

ഞാനൊരു അന്വേഷണ ഉദ്യോഗസ്ഥയല്ല, എന്റെ മുന്നില്‍ ഒരു സ്ത്രീവന്ന് കരയുമ്പോള്‍ അവള്‍ പറയുന്നത് കേള്‍ക്കണം. ആ പെണ്‍കുട്ടിയുടെ കയ്യില്‍ കുറെ പേപ്പറുകളുണ്ട്, 2014 ഓഗസ്റ്റില്‍ ഒരു പ്രമുഖ പത്രത്തില്‍ വന്ന മാനഭംഗ വാര്‍ത്തയുടെ കോപ്പികളില്‍ ജയന്തന്റെയും കൂട്ടുകാരുടെയും പേരടക്കമുണ്ട്. അന്ന് എന്ത്‌കൊണ്ട് ജയന്തന്‍ മാനഷ്ടത്തിന് കേസ് കൊടുത്തില്ല, അതു മാത്രമല്ല പൊലീസിന് മുമ്പാകെ ജയന്തന്‍ പെണ്‍കുട്ടിക്ക് മൂന്നര ലക്ഷം കൊടുത്തതിന്റെ തെളിവുകള്‍ എന്റെ കയ്യിലുണ്ട്, പൈസ തരാനുണ്ടായിട്ടും ജയന്തന്‍ എന്തിന് വീണ്ടും പണം കൊടുത്തൂവെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

കുട്ടികളെ നോക്കാറില്ലെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നതാണ് ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്, അങ്ങനെയുള്ളവരെ പീഡിപ്പിക്കാമെന്നാണോ, കുടുംബപരമായ പ്രശ്‌നങ്ങളാണ് അതൊക്കെയെന്നും ഭാഗ്യലക്ഷ്മി പറയുന്നു. പെണ്‍കുട്ടി ജയന്തനെതിരെ നിരന്തരം സാമ്പത്തികമായി ഭീഷണി ഉന്നയിക്കുമെന്ന് പറയുന്നു. സമൂഹകത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ജയന്തനെപ്പോലൊരാള്‍ അപ്പോള്‍ എന്തുകൊണ്ട് നടപടിക്ക് മുതിര്‍ന്നില്ലെന്നും ഭാഗ്യലക്ഷമി ചോദിക്കുന്നു. തനിക്കും കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും പത്രസമ്മേളനം നടത്തുന്നതിന് മുമ്പ് സത്യാവസ്ഥ മനസിലാക്കണമെന്നുമായിരുന്നു ജയന്തന്‍ പറഞ്ഞിരുന്നത്.