kerala

വൈറലാകാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്നു; യുവാവിന്റെ മരണത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി

By sreenitha

January 19, 2026

കോഴിക്കോട്: ബസില്‍നിന്നുള്ള ദൃശ്യം യുവതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അയാള്‍ മോശമായി പെരുമാറിയെന്ന കാര്യത്തില്‍ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം, അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കാണിക്കേണ്ടതായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തില്‍ കുറിച്ചു.

വൈറലാകാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹമാധ്യമങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. വ്യക്തമായ ചോദ്യങ്ങളോ വിശദീകരണം തേടലോ ഇല്ലാതെ, അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും അവസരം നല്‍കാതെയാണ് ഒരു ജീവന്‍ നിശബ്ദമായി നഷ്ടമായതെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.

സംഭവം സമൂഹമാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെയും വ്യക്തികളുടെ സ്വകാര്യതയെയും കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തില്‍ കുറിച്ചത്

”ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷെ ഈ വിഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്?”

”ഒരാളുടെ നിരപരാധിത്തം തെളിയിക്കാന്‍ / വിശ്വസിപ്പിക്കാന്‍ ആ വ്യക്തിക്ക് സ്വന്തം ജീവന്‍ നല്‍കേണ്ടിവരുന്നു. അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാര്‍ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാള്‍ക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്. കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്… വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ, അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവന്‍ പോയി.”