തൃശ്ശൂര്‍: കൂട്ടമാനഭംഗത്തിനിരയാക്കിയ രാഷ്ട്രീയ നേതാക്കളെ വെളിപ്പെടുത്തി യുവതി. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിപിഎം വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തന്‍, ഇയാളുടെ സുഹൃത്തുക്കളായ ജനീഷ്, ഷിബു എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി വെളിപ്പെടുത്തി. പ്രതികള്‍ ഭീഷണിപ്പെടുത്തി മൊഴികൊടുപ്പിച്ചെന്നും യുവതി പറഞ്ഞു. മൊഴി മാറ്റിപ്പറയാന്‍ പൊലീസും സമ്മര്‍ദ്ദം ചെലുത്തി, ഇതാണ് പരാതിയുമായി
പിന്നോട്ട് പോകാന്‍ തന്നെ പ്രേരിപ്പിച്ചത്.

അതിനനുസരിച്ചാണ് മജിസ്‌ട്രേറ്റിന് മൊഴിനല്‍കിയതെന്നും യുവതി വ്യക്തമാക്കി. കൊല്ലുമെന്ന ഭീഷണി വരെ നേരിടേണ്ടി വന്നുവെന്നും യുവതി പറയുന്നു. ഭര്‍ത്താവിനൊപ്പം തൃശൂരില്‍ താമിസിക്കവെയാണ് യുവതി പീഡനത്തിന് ഇരയായത്. യുവതിയുടെ ഭര്‍ത്താവ്, ഡിബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, അവതാരകയും നടിയുമായ പാര്‍വതി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാതെ ഇരയെ അപമാനിച്ചതായി ഭാഗ്യലക്ഷ്മി ഇന്നലെയാണ് വെളിപ്പെടുത്തിയത്. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയും ഭര്‍ത്താവും തന്നെ സന്ദര്‍ശിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.