ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അന്ത്യംകുറിച്ച് വി.സി നിയമനത്തില്‍ ഇരുകൂട്ടരും ഭായി ഭായി ആകുമ്പോള്‍ സി.പി.എം ബി.ജെ.പി അന്തര്‍നാടകത്തിന്റെ മറ്റൊരു എപ്പിസോഡിന്കൂടി സാക്ഷിയാകേണ്ടിവന്നതിന്റെ അന്താളിപ്പിലാണ് കേരള ജനത. കൊട്ടും കുരവയുമായി ഇരുകൂട്ടരും ഉറഞ്ഞുതുള്ളിയതെല്ലാം, അഭംഗുരം തുടര്‍ന്നുവരുന്ന അന്തര്‍നാടകത്തിന്റെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോര്‍ത്ത് നിരന്തരം ഞെട്ടേണ്ടിവരുന്നതിന്റെ ജാള്യതയിലാണ് ഓരോ മലയാളിയും ഇന്നുള്ളത്.
തങ്ങളുടെ സ്വന്തക്കാരെ വി.സി പദവിയില്‍ നിയമിക്കുന്നതിനുവേണ്ടി ഇരുകൂട്ടരുടെയും ഭാഗത്തുനിന്നുണ്ടായത് നാണംകെട്ട ചെയ്തികളായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ കുരുതിക്കളമാക്കി, വിദ്യാര്‍ത്ഥികളുടെ ഭാവി ഈ രീതിയില്‍ പന്താടിയത് എന്തിനുവേണ്ടിയായിരു ന്നുവെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമൊക്കെ എന്തുത്തരമാണ് നല്‍കാനുള്ളതെന്നറിയാന്‍ സംസ്ഥാനത്തെ ഓരോ പൗരനും താല്‍പര്യമുണ്ട്. എന്നാല്‍ തന്‍പ്രമാണിത്തവും ധിക്കാരവും ജനങ്ങളെ കബളിപ്പിക്കലുമായിരുന്നുവെന്നല്ലാതെ മറ്റൊരു മറുപടിയും ബന്ധപ്പെ ട്ടവര്‍ക്കില്ലെന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ മുഖ്യമന്ത്രി സമ്മതം അറിയിച്ചപ്പോള്‍ ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി സജി ഗോപിനാഥിനെ ഗവര്‍ണറും അംഗീകരിക്കുകയായിരുന്നു. നിയമനം സംബന്ധിച്ച് ലോക്ഭവന്‍ താമസം വിനാ തന്നെ വിജ്ഞാപനവും പുറത്തിറക്കുകയുമുണ്ടായി. തീരുമാനം പരമോന്നത നീതിപീഠത്തെയും അറിയിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നിന് ഗവര്‍ണറെ ക്ഷണിക്കാന്‍ ലോക്ഭവനില്‍ എത്തിയ മുഖ്യമന്ത്രി, ഗവര്‍ണറുമായുള്ള കൂടികാഴ്ചയിലാണ് വി.സി നിയമനത്തില്‍ ധാരണയിലെത്തിയത്. മൂന്ന് വര്‍ഷമായി ഡോ. സിസ തോമസുമായി പോരടിച്ച സര്‍ക്കാര്‍, സിസയുടെ നിയമനത്തില്‍ ഗവര്‍ണറുടെ നിലപാട് അംഗീകരിക്കുകയാണുണ്ടായത്. പകരം ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി മുഖ്യമന്ത്രിക്ക് താല്‍പര്യമുള്ള ഡോ. സജി ഗോപിനാഥിനെയും നിയമിച്ചു.
ഇതോടെയാണ് വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറും ഗവര്‍ണറും തുടര്‍ന്നുവന്ന നാടകംകളിക്ക് തല്‍ക്കാലത്തേക്ക് തിരശ്ശീല വീണത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാറും ഗവര്‍ണറും ധാരണയില്‍ എത്തിയില്ലെങ്കില്‍ സ്വന്തം നിലയില്‍ വി.സിയെ തീരുമാനിക്കുമെന്ന് സുപ്രീം കോടതി താക്കീതു ചെയ്തിരുന്നു. ഇതിനിടെ തന്നെയാണ് കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് അനില്‍കുമാറിനെ ശാസ്താംകോട്ട ഡി.ബി കോളജിലേക്ക് പ്രിന്‍സിപ്പലായി തിരികെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി അവസാന നിമിഷം റദ്ദാക്കിയാണ് രജിസ്ട്രാര്‍ വിവാദത്തില്‍ പെട്ടിരുന്നത്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്. വിഷയത്തില്‍ വി.സി മോഹന്‍ കുന്നുമ്മലിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും സിന്‍ഡിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടുകയായിരുന്നുവെന്ന് വി.സി റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വി.സി സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.
സസ്‌പെന്‍ഷന്‍ നടപടിക്കുപിന്നാലെ ഇടതു വിദ്യാര്‍ത്ഥി സംഘടനകളും സര്‍വകലാശാല സിന്റിക്കേറ്റുമെല്ലാം ചേര്‍ന്ന് യൂണിവേഴ്‌സിറ്റി അങ്കണം കലാപകലുശിതമാക്കിയ നാളുകള്‍ക്കായിരുന്നു തലസ്ഥാന നഗരി സാക്ഷ്യംവഹിച്ചത്. വിദ്യാര്‍ത്ഥികളുടെ പഠനവും പരീക്ഷയും മാത്രമല്ല, സാധാരണ ജനങ്ങളുടെ സൈ്വര്യജീവിതത്തിന്റെ കടക്കല്‍പോലും കത്തിവെച്ചുകൊണ്ടുള്ള ഇടതു സംഘടനകളുടെ ആ നരനായാട്ട് എന്തിനുവേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കാന്‍ ഈ ഘട്ടത്തിലെങ്കിലും അവര്‍ തയാറാകേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ഈ അന്തര്‍നാടകത്തെക്കുറിച്ച് തങ്ങള്‍ക്കറിവുണ്ടായിരുന്നോ, അതോ കഥയറിയാതെ ആട്ടംകാണുകയായിരുന്നോ എന്ന തെങ്കിലും തുറന്നുപറയാനുള്ള ആര്‍ജ്ജവമെങ്കിലും അവര്‍ കാണിക്കേണ്ടിയിരിക്കുന്നു. സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കാ നിരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ, വി.സി നിയമന വിവാദത്തില്‍ സര്‍ക്കാറും ഗവര്‍ണറും പരസ്പരം ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്തിയില്ലെങ്കില്‍ സ്വന്തം നിലയില്‍ നിയമനം നടത്തുമെന്ന് സുപ്രീം കോടതി താക്കീതു ചെയ്തിരുന്നു. കോടതി ഇടപെടല്‍ ഇരുകൂട്ടരും തമ്മിലുള്ള കള്ളക്കളി വെളിച്ചത്താവാനിടയാകുമെന്ന ഘട്ടത്തിലാണ് നാണംകെട്ട ഈ ഒത്തുതീര്‍ പ്പുണ്ടായിരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പിനു പിന്നാലെയാണ് അതേ മാര്‍ഗത്തിലുള്ള ഗവര്‍ണര്‍ മുഖ്യമന്ത്രി ഒത്തുതീര്‍പ്പുമുണ്ടായിരിക്കുന്നത്.