കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടന്‍ അമിത് ചക്കാലക്കല്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി. ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം. നേരത്തെ കേസുമായി ബന്ധപ്പെട്ട് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ ഇ.ഡി പരിശോധിച്ചിരുന്നു.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇ.ഡിയുടെ അന്വേഷണം. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ച് കാര്‍ കള്ളക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി പരിശോധിക്കുന്നത്.
വാഹന കടത്തില്‍ ഫെമ നിയമത്തിന്റെ മൂന്ന്, നാല്, എട്ട് വകുപ്പുകളുടെ ലംഘനം കണ്ടെത്തിയതായി നേരത്തെ ഇ.ഡി അധികൃതര്‍ അറിയിച്ചിരുന്നു. ഭൂട്ടാനില്‍നിന്ന് സൈന്യം ഉപേക്ഷിച്ച 200ഓളം ആഡംബര വാഹനങ്ങള്‍ കേരളമടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടത്തിയെന്ന വിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ‘ഓപറേഷന്‍ നുംഖോര്‍’ എന്ന പേരില്‍ വ്യാപക പരിശോധന നടത്തിയത്.