Film

ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ ഇ ഡി റെയ്ഡ്

By webdesk17

October 08, 2025

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വന്‍ റെയ്ഡ് നടത്തി. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലടക്കം 17 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി വ്യക്തമാക്കി. നടന്‍ അമിത് ചക്കാലക്കലിന്റെയും, അഞ്ച് ജില്ലകളിലായ വാഹന ഡീലര്‍മാരുടെയും വീടുകളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഭൂട്ടാന്‍ വാഹനക്കടത്തിനെതിരെ നേരത്തെ കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡില്‍ ദുല്‍ഖറിന്റെ ഡിഫെന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഡിഫെന്‍ഡര്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി കേസില്‍ ഇടക്കാല ഉത്തരവായി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ കേസിന് ”നംഖോര്‍” (ഭൂട്ടാനീസ് ഭാഷയില്‍ ‘വാഹനം’ എന്നര്‍ത്ഥം) എന്നാണ് കസ്റ്റംസ് ഓപ്പറേഷനില്‍ നല്‍കിയ പേര്. രാജ്യതലത്തിലുള്ള വാഹനക്കള്ളക്കടത്ത് ശൃംഖലയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.