kerala

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: ‘മലബാറിന്റെ റെയില്‍വേ വികസനത്തിന് തിരിച്ചടിയാകുന്ന തീരുമാനം പുനഃപരിശോധിക്കണം’: പി.കെ കുഞ്ഞാലിക്കുട്ടി

By webdesk14

August 25, 2026

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തീരുമാനം കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ വികസനത്തിലെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം കത്തയച്ചു.

കേരളം ദീര്‍ഘകാലമായി പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് നിലവിലുള്ള പാലക്കാട് ഡിവിഷന്‍ തന്നെ വിഭജിക്കാനുള്ള നീക്കം ഉണ്ടായിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മലബാര്‍ മേഖലയിലെ റെയില്‍വേ ആവശ്യങ്ങള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്ന പാലക്കാട് ഡിവിഷനെ വിഭജിക്കുന്നതോടെ, മലബാറിന്റെ റെയില്‍വേ വികസനത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

”കേരളം പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യപ്പെടുമ്പോള്‍ നിലവിലുള്ള ഡിവിഷന്‍ തന്നെ വിഭജിക്കുന്നത് അംഗീകരിക്കാനാകില്ല. മലബാറിനോടും കേരളത്തോടുമുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണിത്” കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ നീക്കം പുനഃപരിശോധിച്ച് പൊതുതാല്‍പര്യവും കേരളത്തിന്റെ റെയില്‍വേ വികസനവും മുന്‍നിര്‍ത്തി തീരുമാനം തിരുത്തണമെന്ന് അദ്ദേഹം റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.

പാലക്കാട് ഡിവിഷന്റെ ഭാവി സംബന്ധിച്ച കേന്ദ്ര നീക്കത്തില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍.