ഹിറ്റ് ചിത്രം ‘ബിഗ് ബി’യിലൂടെ മലയാള പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി വീണ്ടുമെത്തുന്നു. അമല്‍ നീരദ് ഒരുക്കുന്ന ബിഗ് ബി രണ്ടാം ഭാഗം ‘ബിലാല്‍’ അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും. ‘ബിലാലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അമല്‍ നീരദ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ബിഗ് ബിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്ന കാര്യം യുവ സൂപ്പര്‍ താരവും മമ്മൂട്ടിയുടെ മകനുമായ ദുല്‍ഖറും സ്ഥിരീകരിച്ചു.

മലയാള സിനിമയില്‍ സ്‌റ്റൈലിന്റെയും ആക്ഷന്റെയും പുതിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു 2007-ല്‍ പുറത്തിറങ്ങിയ ബിഗ്ബി. അധികം സംസാരിക്കാത്ത, പ്രവൃത്തി കൊണ്ട് മറുപടി നല്‍കുന്ന ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. ‘കൊച്ചി പഴയ കൊച്ചിയല്ലായിരിക്കാം. പക്ഷേ, ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്’ എന്ന ഡയലോഗ് മലയാളികള്‍ മറക്കാനിടയില്ല.

സ്‌നോ കാപ്പ് വെച്ച മമ്മൂട്ടിയുടെ മുഖത്തിന്റെ മുകള്‍ഭാഗം മാത്രം കാണിക്കുന്ന ചിത്രമാണ് അമല്‍ നീരദ് പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലേത്. ബിഗ്ബിയുടേതിന് സമാനമായ ടൈപ്പോഗ്രാഫിയിലാണ് ടൈറ്റില്‍ തയാറാക്കിയിരിക്കുന്നത്. ചിത്രം 2018-ല്‍ പുറത്തിറങ്ങും എന്നതൊഴിച്ചാല്‍ മറ്റു വിവരങ്ങളൊന്നും അമല്‍ പുറത്തുവിട്ട പോസ്റ്ററിലില്ല.

അതേസമയം, മലയാളത്തിലെ എക്കാലത്തെയും മികച്ച പടങ്ങളിലൊന്നും സ്റ്റൈലിന് പുതിയ നിര്‍വചനം തീര്‍ത്ത ചിത്രവുമായ ബിഗ്ബി തിരിച്ചുവരുന്നു എന്ന് അമലിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.