മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) താരങ്ങള്‍ക്കുള്ള വാര്‍ഷിക സെന്‍ട്രല്‍ കോണ്‍ട്രാക്ട് സംവിധാനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിച്ച് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി. ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ‘എ പ്ലസ്’ വിഭാഗം പൂര്‍ണമായി ഒഴിവാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ.
നിലവില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവരാണ് ‘എ പ്ലസ്’ വിഭാഗത്തിലുള്ള താരങ്ങള്‍. എന്നാല്‍ കോഹ്ലിയും രോഹിത്തും ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്ന് വിരമിച്ചതോടെ ഇന്ത്യയ്ക്കായി ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ജദേജ ട്വന്റി20യില്‍നിന്ന് നേരത്തെ വിരമിച്ചിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരമായി കളിക്കുന്ന ഏക താരം ജസ്പ്രീത് ബുംറ മാത്രമാണ്.
നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ഇനി ‘എ പ്ലസ്’ വിഭാഗം ഒഴിവാക്കി ‘എ’, ‘ബി’, ‘സി’ എന്നീ മൂന്ന് കാറ്റഗറികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ഇതിന് ബി.സി.സി.ഐ അപെക്‌സ് കൗണ്‍സിലിന്റെ അനുമതി ആവശ്യമാണ്. നിലവിലെ ഘടനയില്‍ ‘എ പ്ലസ്’ വിഭാഗത്തിന് ഏഴ് കോടി രൂപയും ‘എ’, ‘ബി’, ‘സി’ വിഭാഗങ്ങള്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്, ഒരു കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലം.
പുതിയ നിര്‍ദേശപ്രകാരം മൂന്നു ഫോര്‍മാറ്റുകളിലും സജീവമായി കളിക്കുന്ന താരങ്ങള്‍ക്കായിരിക്കും ഉയര്‍ന്ന പ്രതിഫലം ലഭിക്കുക. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്ലിനെയും ഉയര്‍ന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
നിലവില്‍ മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവര്‍ ‘എ’ വിഭാഗത്തിലാണ്. ‘ബി’ വിഭാഗത്തില്‍ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
‘സി’ വിഭാഗത്തില്‍ റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയി, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പട്ടീദാര്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
അപെക്‌സ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടാല്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് സംവിധാനം അടുത്ത സീസണില്‍ തന്നെ പുതിയ രൂപത്തിലേക്ക് മാറും.