ഹൈദരാബാദ്: അടുത്ത ഐ.പി.എൽ സീസണിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് (എസ്.ആർ.എച്ച്) ടീമിൽ വൻ മാറ്റങ്ങൾക്കാണ് മാനേജ്മെന്റ് ഒരുങ്ങുന്നത്. മിനി താരലേലത്തിനു മുൻപായി ടീമിലെ ചില വിലപിടിപ്പുള്ള താരങ്ങളെ ഒഴിവാക്കി പേഴ്‌സിൽ കൂടുതൽ പണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
കഴിഞ്ഞ സീസണിൽ 23 കോടി രൂപ നൽകി നിലനിർത്തിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസനെ ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ സീസണിൽ ക്ലാസൻ 13 മത്സരങ്ങളിൽ 487 റൺസ് നേടിയെങ്കിലും, അവയിൽ പകുതിയിലധികം റൺസും വെറും രണ്ട് മത്സരങ്ങളിൽനിന്നാണ് ലഭിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരത്തിൽ അദ്ദേഹം 39 പന്തിൽ 105 റൺസ് നേടിയിരുന്നു.
2024ൽ ടീമിനെ ഫൈനലിലേക്ക് എത്തിക്കുന്നതിൽ ക്ലാസന്റെ ബാറ്റിങ് നിർണായകമായിരുന്നുവെങ്കിലും, ഐ.പി.എൽ 2025-ൽ ആറാം സ്ഥാനത്ത് അവസാനിച്ചത് മാനേജ്മെന്റ് നിരാശപ്പെടുത്തിയിരുന്നു. ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് 18 കോടി രൂപ നൽകുന്നതായതിനാൽ, പേഴ്‌സിൽ കൂടുതൽ പണം ലഭ്യമാക്കാൻ ക്ലാസനെ റിലീസ് ചെയ്യാനാണ് തീരുമാനം.
ക്ലാസനെ റിലീസ് ചെയ്താലും, മിനി ലേലത്തിൽ കുറഞ്ഞ വിലക്ക് തിരിച്ചെടുക്കാൻ ശ്രമിക്കുമെന്നും, പരമാവധി 15 കോടി രൂപ വരെ ചെലവഴിക്കാനാണ് സാധ്യത. ഇതിലൂടെ ലഭിക്കുന്ന എട്ട് കോടി രൂപ മറ്റു താരങ്ങളുടെ കരാറുകൾക്കായി വിനിയോഗിക്കാനാണ് ടീം ആലോചിക്കുന്നത്.
അതേസമയം, ഡൽഹി കാപിറ്റൽസ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ ഇതിനകം ക്ലാസനായി താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ, റിലീസ് ചെയ്ത താരത്തെ വീണ്ടും സ്വന്തമാക്കുന്നത് എസ്.ആർ.എച്ച്-ന് അത്ര എളുപ്പമാകില്ല.