മുംബൈ: 2026ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടൊപ്പം ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ടീമില്‍ അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെ ഒഴിവാക്കി, ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഈ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ അംഗങ്ങള്‍ ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. ഈ പ്രകടനം അജിത് അഗാര്‍ക്കര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടി. ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ടീം (ടി20):
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ്.