News

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: പവന് 1,920 രൂപ കുറഞ്ഞു

By vismaya

February 13, 2026

കൊച്ചി: സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തിലും ഇന്ന് രാവിലെ തന്നെ വില ഗണ്യമായി താഴ്ന്നു. ഗ്രാമിന് 240 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണം 14,280 ആയി. പവന് 1,920 കുറഞ്ഞ് 1,14,200 ആയി. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് വില ഒരുവേള 4,906 ഡോളര്‍ വരെ ഇടിഞ്ഞു. ഇന്നലെ 5,000 ഡോളറിന് മുകളിലായിരുന്ന വില കനത്ത വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തകര്‍ച്ചയുടെ പാതയിലായി.

ഇന്ന് രാവിലെ വില 95 ഡോളര്‍ കുറഞ്ഞ് 1,977 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 4,906 ഡോളറില്‍ നിന്നുള്ള ചെറിയ കരകയറ്റമില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്ത് വില ഇതിലും കൂടുതല്‍ ഇടിയുമായിരുന്നെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ശക്തിപ്പെട്ടതും ട്രഷറി യീല്‍ഡുകള്‍ ഉയര്‍ന്നതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.

ഇന്ന് രാവിലെ 18 കാരറ്റ് സ്വര്‍ണവില ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) കണക്കുപ്രകാരം ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,800 ആയി. അതേസമയം കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,735 ആയി. വെള്ളിവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 280 രൂപആയി. ആഭരണപ്രിയര്‍ക്കു ആശ്വാസമാകുന്ന ഈ ഇടിവ്, നിക്ഷേപകര്‍ക്ക് നിരാശയാണ് നല്‍കുന്നത്.