കൊച്ചി: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ക്ക് എതിരെ പൊലീസ് നടത്തിയ ഓപറേഷന്‍ ‘സൈ ഹണ്ട്’ വന്‍വിജയമായി. ഒരുദിവസം നീണ്ട റെയ്ഡില്‍ കണ്ടെത്തിയത് 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ്. 263 പേര്‍ അറസ്റ്റിലായി. ആകെ 382 കേസുകളാണ് സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തത്.
പ്രതികളെന്ന് സംശയിക്കുന്ന 125 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സിറ്റി മേഖലയില്‍ 43യും റൂറല്‍ മേഖലയില്‍ 24ഉം ഉള്‍പ്പെടെ 67 കേസുകള്‍. 35 പേരെയാണ് ഇവിടെ അറസ്റ്റ് ചെയ്തത്.
കേസുകളില്‍ ഭൂരിഭാഗവും ക്രിപ്‌റ്റോകറന്‍സി, ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ആകെ കണ്ടെത്തിയ തട്ടിപ്പുകളില്‍ 34.8 ശതമാനം ഓണ്‍ലൈന്‍ ട്രേഡിങ് രംഗത്താണെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തട്ടിപ്പ് സംഘങ്ങള്‍ ‘മ്യൂള്‍ അക്കൗണ്ടുകള്‍’ (വാടകയ്ക്ക് എടുത്ത ബാങ്ക് അക്കൗണ്ടുകള്‍) ഉപയോഗിച്ചാണ് പണം കൈമാറ്റം നടത്തിയത്. രാജ്യവ്യാപകമായ സൈബര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി പണം പിന്‍വലിച്ചവരും അക്കൗണ്ട് വാടകയ്ക്ക് നല്‍കിയവരും കമ്മീഷന്‍ വാങ്ങിയവരുമാണ് അറസ്റ്റിലായത്.
പോലീസ് നിരീക്ഷണത്തിലുള്ളവരില്‍ സംശയാസ്പദമായി ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചവര്‍: 2,683 പേര്‍, എ.ടി.എം വഴി പണം പിന്‍വലിച്ചവര്‍: 361 പേര്‍, അക്കൗണ്ട് വാടകയ്ക്ക് നല്‍കിയവര്‍: 665 പേര്‍. തുടര്‍ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഇവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരില്‍ സൈബര്‍ തട്ടിപ്പുകളുടെ പ്രധാന സൂത്രധാരന്മാരും സഹപ്രതികളും ഉള്‍പ്പെടുന്നു.
തങ്ങളുടെ അറിവില്ലാതെ അക്കൗണ്ട് തട്ടിപ്പിന് ഉപയോഗിക്കപ്പെട്ടവരെയും ഹവാല ഇടപാടുകള്‍ വഴി പണം ലഭിച്ചവരെയും നേരിട്ടുള്ള കുറ്റബന്ധമില്ലെന്ന് കണ്ടെത്തിയതിനാല്‍ 125 പേര്‍ക്ക് മാത്രം നോട്ടീസ് നല്‍കി.
ഓപറേഷന്‍ വ്യാഴാഴ്ച രാവിലെ ആറുമുതല്‍ സംസ്ഥാനത്തുടനീളം നടന്നു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം, റേഞ്ച് ഡി.ഐ.ജിമാര്‍, ജില്ല പൊലീസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു റെയ്ഡുകള്‍.
മൂന്ന് മാസം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഓപറേഷന്‍ ആരംഭിച്ചത്. പരാതികള്‍ ലഭിക്കാന്‍ കാത്തിരിയ്ക്കാതെ, നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് പ്രതികളിലേക്കെത്തുകയായിരുന്നു പൊലീസ്. പ്രതികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചാണ് തട്ടിപ്പുകളുടെ ശൃംഖല പൊളിച്ചത്.