പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി രാജ്യത്ത് പുതിയ മാറ്റം സംഭവിക്കുമെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍. ഇന്ത്യാ ടുഡേ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യുവാക്കളുടെ തെരഞ്ഞെടുപ്പല്ല, മറിച്ച് മാറ്റമാണ്. ഒരു മാറ്റത്തിനായി ബിഹാറിലെ ജനങ്ങള്‍ മനസു വച്ചിട്ടുണ്ട്-കനയ്യ കുമാര്‍ പറഞ്ഞു. നേതൃത്വത്തെയും തെരഞ്ഞെടുപ്പിനെയും കുറിച്ചുള്ള തന്റെ ആശയങ്ങള്‍ കനയ്യ കുമാര്‍ വിശദീകരിച്ചു. രാഷ്ട്രീയത്തില്‍ തന്ത്രവും നയങ്ങളും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ചോദ്യം നേതാവിനെ കുറിച്ചാവരുത്, നയങ്ങളെ കുറിച്ചാവണം. മുഖത്തെ കുറിച്ച് ചോദിക്കുന്നതിനു പകരം ഉദ്ദേശ്യങ്ങളെ കുറിച്ച് ചോദിക്കണം-കനയ്യ കുമാര്‍ പറഞ്ഞു. ഒരു ടീമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. അതില്‍ ഒരു ക്യാപ്റ്റന്‍ മാത്രം പോരാ. ഒരു വിക്കറ്റ് കീപ്പറും ബൗളറും കൂടി വേണമെന്നും കനയ്യ കുമാര്‍.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ എല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും പാര്‍ട്ടി തീരുമാനിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു.

താന്‍ ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞത് സര്‍ക്കാസമായി പറഞ്ഞതാണെന്നും വ്യക്തമാക്കി. തെറ്റായ നടപടികളെ പോലും വാഷിങ് മെഷിന്‍ പോലെ ഗുണകരമാക്കി അവതരിപ്പിക്കുന്ന പാര്‍ട്ടിയാണത്. ആര് ബിജെപിയില്‍ ചേര്‍ന്നാലും താന്‍ അതില്‍ ചേരില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.