പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടിറങ്ങും. രാഹുലും പ്രിയങ്കയും ചേര്‍ന്ന് ഒമ്പത് റാലികള്‍ നയിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഇരുവരും റാലി നയിക്കാന്‍ എത്തുമെന്നും ബിഹാര്‍ പിസിസി പ്രസിഡന്റ് സാമിര്‍ കുമാര്‍ സിങ് പറഞ്ഞു. രാഹുല്‍ നേതൃത്വം കൊടുക്കുന്ന ആറ് റാലികളും പ്രിയങ്ക നയിക്കുന്ന മൂന്ന് റാലികളുമാണ് നടക്കുക. റാലികളുടെ തിയതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും സാമിര്‍ കുമാര്‍ സിങ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആദ്യഘട്ടം സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും. 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആര്‍ജെഡി 144 സീറ്റുകളിലും ഇടതു പാര്‍ട്ടികള്‍ 29 സീറ്റുകളിലും മത്സരിക്കും. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.