kerala

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

By webdesk17

August 21, 2025

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസുമായി ബന്ധപ്പെട്ട് ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പ്രതി സെബാസ്റ്റ്യനെ ഈ കേസിലും അറസ്റ്റ് ചെയ്യും. നിലവില്‍ ജെയ്നമ്മ കൊലക്കേസില്‍ റിമാന്റിലാണ് ഇയാള്‍. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ജയ ആള്‍മാറാട്ടം നടത്തി ബിന്ദു എന്ന പേരില്‍ സ്വത്ത് തട്ടിയെടുക്കാന്‍ സെബാസ്റ്റ്യനെ സഹായിക്കുകയായിരുന്നു. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്സാനക്കും കേസില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചില പേപ്പറുകളില്‍ റുക്സാനയും ഒപ്പിട്ടെന്നാണ് വിവരം.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് ജയയും റുക്‌സാനയും സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

ബിന്ദു പത്മനാഭന്‍ കേസില്‍ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി സഹോദരന്‍ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും പൊലീസ് എഫ്ഐആര്‍ ഇട്ടത് 70 ദിവസങ്ങള്‍ക്ക് ശേഷമാണെന്നും സഹോദരന്‍ പ്രവീണ്‍ ആരോപിച്ചിരുന്നു.

2016 ലാണ് ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി ആഭ്യന്തരവകുപ്പിന് ലഭിച്ചത്.