Culture

മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് വീണ് സ്ത്രീ മരിച്ചു

By web desk 1

August 29, 2019

കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്‌റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് തെന്നി അതേ ദിശയില്‍ പോകുകയായിരുന്ന ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ജയശ്രീയുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി. തത്ക്ഷണം മരിച്ചു. മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

നഗരത്തിലെ ഒരു തുണിക്കടയില്‍ ജീവനക്കാരനായ യുവാവിനെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടിയിലേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് വര്‍ഷത്തോളമായി കോഴിക്കോട് അയ്യത്താന്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ജയശ്രീ. ഭര്‍ത്താവ്: പീതാംബരന്‍.