kerala

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം, ബസ് ഡ്രൈവര്‍ അറസ്റ്റില്‍

By webdesk11

February 10, 2023

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ദീപു കുമാര്‍ അറസ്റ്റില്‍. പ്രതിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. അപകടത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. വൈപ്പിന്‍ സ്വദേശി ആന്റണി (46)യാണ് മരിച്ചത്. കച്ചേരിപ്പടിക്ക് സമീപം മാധാ ഫാര്‍മസി ജങ്ഷനില്‍ രാവിലെയാണ് അപകടം. ആന്റണിയെ ബസിടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. അപകട സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചിരുന്നു.