മുംബൈ: ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി യു.എസില്‍ നിന്ന് എണ്ണ ഇറക്കുമതി കുത്തനെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യ. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് ഇന്ത്യന്‍ കമ്പനികള്‍ ഗണ്യമായി കുറച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
യു.എസ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാകണമെന്ന ആഗ്രഹം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവെച്ചിരുന്നു. യു.എസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഏകദേശം 15 ബില്ല്യന്‍ ഡോളറില്‍നിന്ന് 25 ബില്ല്യന്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
യു.എസില്‍നിന്ന് എത്രത്തോളം അധിക അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യാമെന്ന് വിലയിരുത്താനായി പൊതുമേഖല എണ്ണ കമ്പനികളുടെയും പ്രകൃതിവാതക കമ്പനികളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ഊര്‍ജ മന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ചെലവ് കൂടുതലാണെങ്കിലും റഷ്യക്കുമേലുള്ള ഉപരോധങ്ങളും ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡും കാരണം പൊതുമേഖല കമ്പനികള്‍ യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരും മാസങ്ങളില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി റഷ്യയില്‍നിന്ന് പൂര്‍ണമായും യു.എസിലേക്ക് മാറുമെന്നാണ് സൂചന. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് പൂര്‍ണമായും അവസാനിച്ചിട്ടില്ലെങ്കിലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ റഷ്യയില്‍നിന്ന് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച എണ്ണ മാര്‍ച്ചില്‍ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ.