kerala

ബില്‍ജിത്തിന്റെ ഹൃദയം പതിമൂന്നുകാരിയില്‍ മിടിച്ച് തുടങ്ങി

By webdesk17

September 13, 2025

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ശരീരത്തില്‍ മിടിക്കുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി.

വാഹനാപകടത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 2-ന് അങ്കമാലി സ്വദേശി ബില്‍ജിത്ത് ഗുരുതരമായി പരിക്കേറ്റു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചു.

ബില്‍ജിത്തിന്റെ ഹൃദയം പുലര്‍ച്ചെ 1.20ഓടെ അങ്കമാലിയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്നു. ഒന്നരയോടെ ആരംഭിച്ച ശസ്ത്രക്രിയ അഞ്ചുമണിയോടെ പൂര്‍ത്തിയായപ്പോള്‍, പതിമൂന്നുകാരിയുടെ ശരീരത്തില്‍ ഹൃദയം വിജയകരമായി പ്രവര്‍ത്തനം തുടങ്ങി.

മൂന്നുവര്‍ഷമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വന്ദേഭാരത് ട്രെയിനിലൂടെയാണ് കൊല്ലത്തില്‍ നിന്ന് എറണാകുളത്തേക്ക് എത്തിച്ചത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം ആംബുലന്‍സില്‍ അവരെ ലിസി ആശുപത്രിയിലേക്ക് മാറ്റി.

ഹൃദയത്തിന് പുറമെ ബില്‍ജിത്തിന്റെ കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍, കണ്ണുകള്‍ എന്നിവയും മറ്റ് രോഗികള്‍ക്ക് ജീവന്‍ നല്‍കി.