തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവം കേരളീയര്‍ക്ക് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളീയര്‍ക്ക് അപമാനം കൊണ്ട് തലതാഴ്‌ത്തേണ്ട സ്ഥിതിയാണുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷ് അറസ്റ്റിലായത്.

സ്വര്‍ണ്ണക്കടത്തുകേസും ലഹരിമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. ചോദ്യം ചെയ്യലിനു ശേഷം ബിനീഷിനെ ഇഡി കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ എവിടേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം വ്യക്തമായതോടെയാണ് ഇഡി ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തത്. നേരത്തെയും ഇഡി ബെംഗളൂരുവില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

അതീവരഹസ്യമായാണ് ബിനീഷ് ബെംഗളൂരുവിലെത്തിയത്. മയക്കുമരുന്ന് കടത്തുമായി ബിനീഷിന് ബന്ധമുണ്ടെന്നാണ് ഇഡിക്ക് ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം വ്യക്തമാവുന്നത്. ഇതിനെ തുടര്‍ന്നാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.