News

കൊല്ലത്ത് പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

By webdesk17

January 14, 2026

കൊല്ലം: കൊല്ലം ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആയൂര്‍ തോട്ടത്തറയിലെ മുട്ടക്കോഴി ഹാച്ചറിയിലാണ് രോഗതീവ്രതയോ വ്യാപനശേഷിയോ ഇല്ലാത്ത എച്ച്9 എന്‍2 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനി വൈറസ് കണ്ടെത്തിയത്. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

എച്ച്9 എന്‍2 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ നിരീക്ഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആയൂര്‍ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്തടക്കം 16 പഞ്ചായത്തുകളിലാണ് പ്രത്യേക നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

ഇളമാട്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ എന്നീ പഞ്ചായത്തുകളിലും തിരുവനന്തപുരം ജില്ല അതിര്‍ത്തിയായ മടവൂര്‍, പള്ളിക്കല്‍ പ്രദേശങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കുന്നത്.

അതേസമയം, കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു.