kerala

പക്ഷിപ്പനി; ആലപ്പുഴയില്‍ നിയന്ത്രണങ്ങള്‍ നീക്കി; ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാം

By sreenitha

December 31, 2025

ആലപ്പുഴ: പക്ഷിപ്പനി പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഇതോടെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാനും കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വില്‍ക്കാനും അനുമതി നല്‍കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണങ്ങള്‍.

കള്ളിങ് നടത്തിയ പ്രദേശങ്ങളില്‍ അണുനശീകരണം പൂര്‍ത്തിയായതായും പുതുതായി പക്ഷിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. സംശയമുള്ള മൂന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ട സംഭവത്തിന് പിന്നാലെ ഹോട്ടല്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എഫ്എസ്എസ്എഐയുടെ നടപടി മുന്‍കൂര്‍ മുന്നറിയിപ്പ് ഇല്ലാതെയായിരുന്നുവെന്നാണ് ഹോട്ടലുടമകളുടെ ആരോപണം. നിലവില്‍ ജില്ലയില്‍ താറാവുകളില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ രോഗവ്യാപനം തടയുന്നതിനായി പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ആലപ്പുഴയില്‍ മാത്രം ഇരുപതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കിയതായും കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ജില്ലാഭരണകൂടം വ്യക്തമാക്കി.