തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി അതിവേഗം പടരുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. ചിലെയിലെ ഗവേഷകനായ വിക്ടര്‍ നീരയുടെ പഠനത്തില്‍, ജീവികളില്‍ അതിതീവ്രമായ വൈറസ് ബാധ കണ്ടെത്തിയതും ഇത് കൂട്ടമരണങ്ങള്‍ക്ക് ഇടയാക്കുന്നതുമാണെന്ന് വ്യക്തമാക്കി.
ഒരു പ്രദേശത്ത് വൈറസ് ബാധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവിടത്തെ 90 ശതമാനം ജീവികള്‍ വരെ ചത്തൊടുങ്ങാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
2024ലാണ് അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്‌കുവ എന്നറിയപ്പെടുന്ന സമുദ്രപക്ഷികളിലാണ് ആദ്യം വൈറസ് കണ്ടെത്തിയത്. ഇപ്പോള്‍ അഡെലിജെന്റൂ പെന്‍ഗ്വിനുകള്‍, കെല്‍പ്പ് ഗള്ളുകള്‍, അന്റാര്‍ട്ടിക് കോര്‍മോറന്റുകള്‍, അന്റാര്‍ട്ടിക് ഫര്‍ സീലുകള്‍ എന്നിവയിലേക്കും രോഗം വ്യാപിച്ചിരിക്കുകയാണ്.
ഏകദേശം 900 കിലോമീറ്റര്‍ നീളുന്ന തീരപ്രദേശങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കോര്‍മോറന്റുകളും സ്‌കുവകളും ചേര്‍ന്നുള്ള ആകെ എണ്ണം ഏകദേശം 20,000 മാത്രമാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇവരില്‍ വ്യാപകമായി രോഗം പടര്‍ന്നാല്‍ കൂട്ടവംശനാശത്തിന് കാരണമാകാമെന്ന ആശങ്ക ശക്തമാണ്.
ശാസ്ത്രജ്ഞര്‍ക്ക് എത്താന്‍ കഴിയുന്ന മേഖലകളിലൊട്ടാകെ വൈറസ് പടര്‍ന്നിട്ടുണ്ടെന്നും സ്ഥിതി അതീവഗുരുതരമാണെന്നും ചിലി യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.