കൊടുവള്ളി: ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന യുവാവിനെ സഹായിക്കാന്‍ ഒരു നാട് ഒന്നടങ്കം കൈകോര്‍ത്തപ്പോള്‍ പുതുമാതൃകയും ചരിത്രവുമായി ബിരിയാണി ചലഞ്ച്. കൊടുവള്ളിക്കും സമീപം കത്തറമ്മല്‍ ഗ്രാമത്തിലെ തണ്ണിക്കുണ്ടുങ്ങല്‍ ടി.കെ അബ്ദുറഹ്മാനെ (ബിച്ചി) സഹായിക്കാനാണ് നാട്ടുകാര്‍ മത രാഷ്ടീയ ഭേദമന്യെ ഒറ്റക്കെട്ടായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. അയല്‍ നാടുകളിലെയെല്ലാം സംഘടനകള്‍ സഹായവും സഹകരണവുമായെത്തി.

ഒരു ബിരിയാണിക്ക് 100 രൂപ എന്ന നിലയിലായിരുന്നു വില്‍പന. ബിരിയാണിക്ക് ആവശ്യമായ അരിയും ഇറച്ചിയും ഉള്‍പ്പെടെയുള്ളവ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു ആദ്യഘട്ടം. പിന്നീട് നാട്ടില്‍ നിന്നും അയല്‍നാട്ടില്‍ നിന്നും ഓര്‍ഡര്‍ കണ്ടെത്തല്‍. ഇതിനായി അയല്‍ ഗ്രാമങ്ങളിലെയെല്ലാം സംഘടനകള്‍ ഒന്നിച്ചു രംഗത്തിറങ്ങി. ഡിസംബര്‍ 20ന് ഞായറാഴ്ചത്തെ ബിരിയാണി ചലഞ്ചിനായി പാചകത്തിനുള്ള ഒരുക്കം ശനിയാഴ്ച പകല്‍ തന്നെ തുടങ്ങി. വിറകും പാത്രങ്ങളും ഒരുക്കുന്നതും അരികഴുകുന്നതും മുതല്‍ പാചകം വരെ ഓരോന്നിനും സന്നദ്ധരായി വളണ്ടിയര്‍മാര്‍ രംഗത്തെത്തി. ഏതെങ്കിലും പ്രത്യേക സേവനം ആവശ്യമായി വരുമ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഒരു സന്ദേശം അയക്കുമ്പോഴേക്കും ഒട്ടേറെപേര്‍ ഓടിയെത്തി.

പതിനയ്യായിരത്തോളം ബിരിയാണി പാക്കറ്റുകള്‍ക്കുള്ള ഓര്‍ഡറാണ് ലഭിച്ചത്. ഇത് ഓരോ സ്ഥലത്തും എത്തിക്കാന്‍ വാഹനം വിട്ടുനല്‍കാനും ഓടിക്കാനും വിതരണം ചെയ്യാനും തയ്യാറുള്ളവരോട് അറിയിക്കാന്‍ പറഞ്ഞു. അപ്പോഴും സഹായഹസ്തവുമായി ജനപ്രവാഹം. ഓട്ടോറിക്ഷയും ബൈക്കും മുതല്‍ ആഡംബര കാറുകള്‍ വരെ. ശനിയാഴ്ച രാത്രി മുഴുവന്‍ ഉറക്കമിളച്ച് പാചകം. ഞായര്‍ രാവിലെ ഏഴ് മണിക്ക് പാക്കിങ് തുടങ്ങാനാണ് ലക്ഷ്യമിട്ടത്. അതിന് 15 മിനിറ്റ് മുമ്പ് പാക്കിങ് തുടങ്ങി. 15 ബിരിയാണി പാക്കറ്റുകള്‍ വീതം ഓരോ ബോക്‌സിലും അടുക്കിവെച്ചു. വാഹനങ്ങള്‍ നിരനിരയായി നിന്നു. ഓരോ പ്രദേശത്തേക്കുമുള്ള ഓര്‍ഡര്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിരുന്നു. അതുപ്രകാരം ബിരിയാണി ബോക്‌സുകള്‍ അയച്ചുതുടങ്ങി.

ഞായറാഴ്ച്ച ഉച്ചക്ക് കത്തറമ്മല്‍ പ്രദേശത്ത് മാത്രമല്ല, സമീപ ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും ബിരിയാണിയായിരുന്നു ഭക്ഷണം. അത് കഴിച്ചപ്പോള്‍ വയറുമാത്രമല്ല നിറഞ്ഞത്. ദുരിതമനുഭവിക്കുന്ന ഒരാള്‍ക്ക് കൈത്താങ്ങായതിന്റെ നിര്‍വൃതിയില്‍ എല്ലാവരുടെയും മനസ്സും നിറഞ്ഞു. ഒരു നാട് ഒന്നടങ്കം കൈകോര്‍ത്തതിന്റെ ആത്മസംതൃപ്തിയായിരുന്നു എല്ലാ മുഖങ്ങളിലും.