കൊല്‍ക്കത്ത: ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് തര്‍ക്കത്തിനൊടുവില്‍ കസ്റ്റമര്‍ ഉടമയെ വെടിവെച്ച് കൊന്നത്. സഞ്ജയ് മൊന്‍ഡാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

നാലുപേരാണ് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തിയത്. തുടര്‍ന്ന് ബിരിയാണിയെച്ചൊല്ലിയുള്ള തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഒരു ബിരിയാണിക്ക് 190 രൂപ രൂപയാണ് ഹോട്ടല്‍ ഈടാക്കിയിരുന്നത്. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ സഞ്ജയ് മൊന്‍ഡാലിനു നേരെ കൂട്ടത്തിലൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടനെ തന്നെ സഞ്ജയിനെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാജ, ഫിറോസ്, മോര്‍ഗി, സല്‍മാന്‍ എന്നിവരാണ് കടയിലെത്തിയതെന്നും ഫിറോസ് എന്നയാളാണ് വെടിയുതിര്‍ത്തതെന്നും ഉടമയുടെ സഹോദരന്‍ പറഞ്ഞു. ഹോട്ടലിലെത്തിയ അവര്‍ ഗുണ്ടായിസം കളിക്കുകയായിരുന്നുവെന്നും സഹോദരന്‍ പറയുന്നു.