ന്യൂഡല്‍ഹി: ഹാത്രസില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്താനുള്ള നീക്കത്തെ വിമര്‍ശിച്ച് സുപ്രീംകോടതി അഭിഭാഷകനും ആക്്ടിവസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. നുണപരിശോധന നടത്താനുള്ള യോഗി ആദിത്യനാഥിന്റെയും കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെയും നീക്കം പൂര്‍ണമായും ഭരണഘടനാ വിരുദ്ധവും പീഡനത്തിന് സമാനവുമായ നടപടിയാണ് ഭൂഷണ്‍ തുറന്നടിച്ചു. അജയ് മോഹന്‍ ബിഷ്ത് എന്ന യോഗി ആദിത്യനാഥിന്റെ യഥാര്‍ത്ഥ പേരിന്റെ ചുരുക്കപ്പേര് വിളിച്ചു ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

നുണപരിശോധന നടത്താന്‍ ഒരാളേയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. അത്തരത്തില്‍ പരിശോധിക്കുന്നത് ഭരണഘടനയ്ക്ക് നിരക്കാത്തതും പീഡനത്തിന് സമാനവുമാണ്. എന്നിട്ടും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ നുണ പരിശോധന നടത്താനാണ് യു.പി എസ്.ഐ ആവശ്യപ്പെടുന്നത്. ബിഷ്ട്ടും( യോഗി ആദിത്യനാഥ്) അദ്ദേഹത്തിന്റെ പ്രത്യേക അന്വേഷണ സംഘവും നിയമവാഴ്ചയെ പരിഹസിക്കുന്നത് തുടരുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഹാത്രസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഉയര്‍ന്ന സമുദായത്തില്‍പെട്ട നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി മരിച്ചതോടെ മൃതദേഹം കുടംബത്തിന് നല്‍കാതെ ഇരുട്ടില്‍ കത്തിച്ചുകളയുകയാണ് യുപി പൊലീസ് ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന വാദവും യുപി പൊലീസ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടത്.

പെണ്‍കുട്ടിയുടെ വീട്ടിലെക്കുള്ള പ്രവേശനവും യുപി പൊലീസ് വിലക്കിയിരുന്നു. എന്നാല്‍ വീട് പരിസരത്തടക്കം പ്രത്യേക സംഘം നടത്തിയ പരിശോധനക്ക് പിന്നാലെയാണ് മാധ്യമങ്ങള്‍ക്കുള്ള വിലക്കുപോലും ജില്ലാ ഭരണകൂടം അനുവദിച്ചത്. അതേസമയം, പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്

നേരത്തെ, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നത് തടയാന്‍ ശ്രമിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെയും ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. രാഹുലിനെയും പ്രിയങ്കയേയും ഇങ്ങനെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും യോഗി ആദിത്യനാഥിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നെന്നും ഈ നീക്കങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.