india

പണത്തിന് മുകളിൽ ‘കിടന്ന്’ ഉല്ലസിച്ച് ബി.ജെ.പി സഖ്യകക്ഷി നേതാവ്; വെട്ടിലായി പാര്‍ട്ടി

By webdesk13

March 27, 2024

പണത്തിന് മുകളില്‍ കിടന്ന് ഉല്ലസിച്ച് ബി.ജെ.പി സഖ്യകക്ഷിയായ യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യു.പി.പി.എല്‍) നേതാവ് ബെഞ്ചമിന്‍ ബസുമതരി. നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടക്കുന്ന നേതാവിന്റെ ചിത്രം വൈറലായതോടെ വെട്ടിലായിരിക്കുകയാണ് പാര്‍ട്ടി.

അസം രാഷ്ട്രീയ നേതാവായ ബെഞ്ചമിന്‍ ബസുമതരി ഷര്‍ട്ട് ധരിക്കാതെ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുന്നതാണ് ഫോട്ടോ.

അതേസമയം ചിത്രം വൈറലായതോടെ ബസുമതരിയെ ജനുവരി 10ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നാണ് യു.പി.പി.എല്‍ അധ്യക്ഷന്‍ പ്രമോദ് ബോറോയുടെ വിശദീകരണം. ചിത്രം അഞ്ച് വര്‍ഷം മുന്‍പ് എടുത്തതാണെന്നും ഫോട്ടോയിലുള്ള പണം അദ്ദേഹത്തിന്റെ സഹോദരിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ബസുമതരിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റേത് മാത്രമാണെന്നും വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദിയല്ലെന്നും ബോറ് കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാനായിട്ടില്ലെന്ന് വാര്‍ത്ത പുറത്തുവിട്ട ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.