വോട്ട് കൊള്ളയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ കൈയ്യില്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലെന്നും അവര്‍ അത് നശിപ്പിച്ചെന്നും വ്യക്തമാക്കി ഡല്‍ഹി ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ സത്യവാങ്മൂലം പരാമര്‍ശിക്കുന്ന മാധ്യമറിപ്പോര്‍ട്ട് രാഹുല്‍ പങ്കുവെച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള്‍ ‘ഒരുവ്യക്തി, ഒരുവോട്ട്’ തത്വത്തിന്റെ ലംഘനമാണെന്നും വോട്ടുകൊള്ളക്ക് ഉദാഹരണമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ബിഹാറില്‍ ആദ്യഘട്ട വോട്ടിംഗ് ആരംഭിക്കാനിരിക്കെ, നവംബര്‍ 5ന് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചത് വോട്ട് അട്ടിമറിയിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഹരിയാനയിലെ വോട്ടര്‍പ്പട്ടികയിലെ രണ്ടു കോടി വോട്ടര്‍മാരില്‍ 25 ലക്ഷത്തിലേറെയും വ്യാജ വോട്ടര്‍മാരാണെന്നും 5.21 ലക്ഷം ഇരട്ട വോട്ടുകളാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. 93174 വോട്ടുകള്‍ വ്യാജവിലാസങ്ങളിലാണെന്നും 19.26 ലക്ഷം ബള്‍ക്ക് വോട്ടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വോട്ടുമോഷണത്തിലൂടെയാണ് ബി.ജെ.പി ജയിച്ചതെന്നും തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു. ഒരു സ്ത്രീയുടെ ഫോട്ടോ തന്നെ 223 വോട്ടര്‍മാരുടേതായി ഉപയോഗിച്ചു. 1.24 ലക്ഷം വോട്ടുകളില്‍ വ്യാജ ഫോട്ടോയാണ്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വരെ ഇത്തരത്തില്‍ ഉപയോഗിച്ചു. വ്യാജ വോട്ടുകള്‍ തിരിച്ചറിയാന്‍ കമീഷന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ സംവിധാനമുണ്ടങ്കിലും ഉപയോഗിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.