india

മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജിയെ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓര്‍ഡിനേറ്ററായി നിയമിച്ച് ബി.ജെ.പി

By webdesk13

January 23, 2025

മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി രോഹിത് ആര്യയെ ബി.ജെ.പി സംസ്ഥാനത്തെ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പാര്‍ട്ടി കോ ഓര്‍ഡിനേറ്ററായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രോഹിത് ആര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച് 3 മാസത്തിന് ശേഷമായിരുന്നു പാര്‍ട്ടി പ്രവേശനം. ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയാണ് പുഷ്യമിത്ര ഭാര്‍ഗവക്കൊപ്പം ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജഡ്ജിയായിരിക്കുമ്പോള്‍ രോഹിത്യ ആര്യ നടത്തിയ പല വിധിപ്രസ്താവങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിലത് വിമര്‍ശിക്കപ്പെടുകയും ചെയ്തു. 2021ലെ അത്തരമൊരു വിധി ഏറെ വിവാദമായിരുന്നു.

2021ല്‍ ഇന്ദോറില്‍ പാര്‍ട്ടി നടത്തിയതിന് കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഹാസ്യതാരങ്ങളായ മുനവ്വര്‍ ഫാറൂഖി, നളിന്‍ യാദവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി. ഇവരുടെ ജാമ്യഹരജി ജഡ്ജിയായിരുന്ന റോഹിത് ആര്യ തള്ളി. ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെ മതവികാരങ്ങളെ ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ പ്രകോപിപ്പിക്കുന്നതിന് ഇവര്‍ ശ്രമിച്ചുവെന്നാണ് ജസ്റ്റിസ് ആര്യ ഉത്തരവില്‍ പറഞ്ഞത്.

രക്ഷാബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയുടെ മുമ്പാകെ ഹാജരാകാനും രാഖി കെട്ടാനുമുള്ള വ്യവസ്ഥയില്‍ സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിച്ചെന്നാരോപിച്ച് ഒരാള്‍ക്ക് ജാമ്യം അനുവദിച്ച നടപടിയും കനത്ത വിമര്‍ശനത്തിന് ഇടയാക്കി. പിന്നീട്, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയ വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.